നമസ്കാരം!
മലയാളം ഇന്റര്‍നെറ്റ് ലോകത്തില്‍ ‘
ജോസഫ് ചേട്ടന്‍’ എന്നറിയപ്പെടുന്ന ശ്രീ (ദത്തുക്) കേ.ജേ. ജോസഫിനു വേണ്ടി ഒരു മലയാളം ബ്ലോഗ് തയാറായി വരികയാണ്.
1930 മേയ് 13ന് കൊച്ചിയിലെ കുമ്പളങ്ങിയില്‍ ജനിച്ച ശ്രീ ജോസഫ് , കുമ്പളങ്ങി സെന്റ് ജോര്‍ജ്ജ് സെക്കന്ററി സ്കൂള്‍, ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്കൂള്‍, SD സ്കൂള്‍, ലിയോ XIIIth സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ പഠിച്ച് മലയാളം ഹയറും ജൂനിയര്‍ സെക്കന്‍ഡറിയും ഡിസ്റ്റിങ്ഷനോടെ പൂര്‍ത്തിയാക്കി.
12 വയസ്സുള്ളപ്പോള്‍, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പങ്കെടുത്ത 1942-ലെ ക്വിറ്റ് ഇന്ത്യാസമരം മുതല്‍ ജോസഫ് സമൂഹപരിഷ്കരണപ്രവൃത്തികളില്‍ നിരന്തരമായി ഏര്‍പ്പെട്ടു.
കൂണൂരിലെ(ഊട്ടി) സെന്റ് ആന്റണീസില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം എറണാകുളം മഹാരാജാസില്‍ നിന്നും ഫിസിക്സില്‍ ബിരുദമെടുത്തു. കേരളത്തിലെ ആദ്യത്തെ അമേച്വര്‍ റേഡിയോ (ഹാം) പ്രവര്‍ത്തകരിലൊരാളായിരുന്നു. മഹാരാജാസില്‍ ഫിസിക്സ് അസോസിയേഷന്‍, ഫോട്ടോഗ്രാഫി ക്ലബ്ബ്, സോഷ്യല്‍ സെര്‍വീസ് ക്ലബ്ബ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായകമായ നേതൃത്വം നല്‍കി.
പില്‍ക്കാലത്ത് തിരുവനന്തപുരം ടീച്ചേര്‍സ് ട്രെയിനിങ്ങ് കോളേജില്‍ B.Edനു പഠിക്കുന്ന സമയത്ത് അദ്ദേഹം കേരളത്തിലെ എല്ലാ B.Ed. വിദ്യാര്‍ഥികള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ട് പ്രസിദ്ധമായ വിമോചനസമരത്തില്‍ പങ്കെടുക്കുകയുണ്ടായി.
1959-ല്‍ മലേഷ്യയിലെ ( അന്ന് North Borneo) സബാ പ്രവിശ്യയില്‍ പുതുതായി തുടങ്ങിയ La Salle വിദ്യാലയത്തില്‍ പ്രത്യേക ക്ഷണമനുസരിച്ച് ശാസ്ത്രാദ്ധ്യാപകനായി KJ ജോസഫ് തന്റെ പ്രവാസജീവിതം ആരംഭിച്ചു. തുടര്‍ന്ന് സബാ ടീച്ചേര്‍സ് യൂണിയന്‍, സബാ ഇന്ത്യന്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ചു. മലേഷ്യന്‍ ഭാരതീയര്‍ക്ക് അനിഷേധ്യനേതാവായിത്തീര്‍ന്ന അദ്ദേഹം 1974ല്‍ തന്റെ ഉന്നതമായ ഔദ്യോഗികപദവി രാജിവെച്ച് ബിസിനസ്സിലേക്കു കാലുവെച്ചു.
പ്രവര്‍ത്തനനിരതമായ തന്റെ കര്‍മ്മപഥത്തില്‍ സബാ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍, മലേഷ്യ സ്റ്റേറ്റ് ഇന്‍ക്വയറി കമ്മീഷന്‍ മെമ്പര്‍, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികള്‍ അദ്ദേഹത്തെയും തേടിയെത്തിയിട്ടുണ്ട്.
കമ്പ്യൂട്ടറുകള്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍ തന്നെ അതില്‍ മലയാളഭാഷയുടെ സന്നിവേശത്തിന്റെ ആവശ്യത്തെക്കുറിച്ച് ഒരു സാധാരണ മലയാളിയേക്കാളും വളരെയധികം ബോധവാനായിത്തീര്‍ന്നു അദ്ദേഹം. തന്റെ കമ്പ്യൂട്ടര്‍ വിജ്ഞാനം വളരെ പരിമിതമായിരുന്നിട്ടുപോലും, ഏകദേശം പത്തുവര്‍ഷം മുന്‍പ് മുതല്‍, വിലപ്പെട്ടുവീണുകിട്ടിയ വിശ്രമസമയം മുഴുവനായിത്തന്നെ ദത്തുക് മലയാളത്തിനു വേണ്ടി ചെലവഴിച്ചു. മറ്റാരുടേയും സഹായം കാത്തുനില്‍ക്കാതെ, സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം, പല വര്‍ഷങ്ങള്‍ പരിശ്രമിച്ച് ജോസഫ് ചേട്ടന്‍ ബൃഹത്തായ ഒരു മലയാളനിഘണ്ടുവും ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണകൃതികളടക്കം ധാരാളം ഗ്രന്ഥങ്ങളും ടൈപ്പുചെയ്ത് കമ്പ്യൂട്ടറിലാക്കി.
കേജേ എന്നുകൂടി സ്നേഹാദരപൂര്‍വ്വം വിളിക്കപ്പെടുന്ന അദ്ദേഹം ഇങ്ങനെ തയ്യാറാക്കിയ കൃതികളില്‍ ഒരു ഭാഗം വരമൊഴി യാഹൂഗ്രൂപ്പിന്റെ ഫയല്‍ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ വായനശാല സുനിലിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയിട്ടുള്ള CDയിലും ഈ കൃതികളില്‍ ഒരു ഭാഗം ചേര്‍ത്തിട്ടുണ്ട്.
മലയാളം വിക്കിഡിക്ഷണറിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും സഹായകരമായ ഉപകരണമാണ് ജോസഫ് ചേട്ടന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ള മലയാളനിഘണ്ടു .

ഇന്ത്യയിലും മലേഷ്യയിലും ഉള്ള പല സാമൂഹ്യസംരംഭങ്ങളിലും - ഇപ്പോഴും- വ്യാപൃതനായിട്ടുള്ള, ശ്രീ ജോസഫിന് മലേഷ്യന്‍ സര്‍ക്കാര്‍ ആദരസൂചകമായി ദത്തുക് (Datuk) എന്ന വിശിഷ്ടബഹുമതി നല്‍കുകയുണ്ടായി. ഭാരതത്തിലെ പത്മഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് തുല്യമാണ് ഈ മുദ്ര.
ദത്തുക് ജോസഫ് ബൂലോഗത്തിലെ കൂട്ടുകാരുമായി കഴിയുന്നത്ര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇവിടെ ഒരു പരീക്ഷണം തുടങ്ങുകയാണ്. സ്വന്തമായി ഉടനെത്തന്നെ അദ്ദേഹവും ഒരു മലയാളം ബ്ലോഗു തുടങ്ങുന്നു! അദ്ദേഹത്തിന്റെ ചുരുങ്ങിയ ഒഴിവുസമയവും ഉയര്‍ന്ന പ്രായവും സ്വാഭാവികമായും ഉണ്ടാകാവുന്ന വൈഷമ്യങ്ങളും കൂടി കണക്കിലെടുത്തുവേണം ഈ പരീക്ഷണത്തിനെ നാം വിലയിരുത്തേണ്ടത്. യുണികോഡു മലയാളത്തില്‍ പ്രവര്‍ത്തിക്കാനുള്ള പരിചയം തിരക്കിനിടയില്‍ അദ്ദേഹം സാവധാനം സ്വായത്തമാക്കുന്നതേയുള്ളൂ.
അദ്ദേഹത്തിന്റെ ഈ വിശിഷ്ടപ്രവേശനത്തിന് നാമെല്ലാവരും സ്വാഗതമാശംസിക്കുക!